സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരം; ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധീരൻ

By Web TeamFirst Published Apr 10, 2021, 4:42 PM IST
Highlights

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാൻ പാടില്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുന്നു. അവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതാണ് എന്നും വി എം സുധീരൻ പറഞ്ഞു. 

തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരവും ദുഖകരവുമാണ് എന്ന് കോൺ​ഗ്രസ് നേതാവ് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. ലോകായുക്തയുടെ പരാമർശത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം എന്നും അദ്ദേഹം പറഞ്ഞു. 

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാൻ പാടില്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുന്നു. അവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതാണ് എന്നും വി എം സുധീരൻ പറഞ്ഞു. 

ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായാണ് വിവരം. 

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു. 

യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിൻ്റെയും  മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഗൾഫ് മേഖലയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. 

click me!