
ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകുന്ന വോട്ടർമാരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിസ്മയിപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ചു. വോട്ട് ചെയ്ത് വിരലിലെ മഷി അടയാളവുമായി ആദ്യം എത്തുന്നവർക്ക് പ്രമുഖ കഫേ ശൃംഖലയായ കഫേ കോഫി ഡേ ഔട്ട്ലെറ്റുകളിൽ പ്രത്യേക കിഴിവ് ലഭിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വോട്ടർമാരെ ബോധവൽക്കരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കമ്മീഷന്റെ പ്രധാന പദ്ധതിയാണ് 'സ്വീപ്'. ഇതിന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി അടയാളവുമായി കഫേ കോഫി ഡേയിലെത്തുന്ന ഓരോ ഔട്ട്ലെറ്റിലെയും ആദ്യ 15 പേർക്ക് ബില്ലുകളിൽ 25 ശതമാനം വരെ ഇളവ് ലഭിക്കും. കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.
യുവ വോട്ടർമാരെയും നഗരവാസികളെയും പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുക എന്നതാണ് 'സ്വീപ്' പ്രവർത്തനങ്ങളിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ലക്ഷ്യമിടുന്നത്. കഫേ കോഫി ഡേയ്ക്ക് പുറമെ മറ്റ് നിരവധി സേവനങ്ങളും വോട്ടർമാർക്കായി ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇതിൽ വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് പോകാൻ ഉബർ നൽകുന്ന സൗജന്യ യാത്രയും കൂടാതെ, വോട്ട് ചെയ്ത ശേഷം വിരലിലെ മഷി കാണിക്കുന്നവർക്ക് ഒരു കിലോ പുട്ടുപൊടി വെറും 1 രൂപയ്ക്ക് നൽകുന്ന 'വോട്ട് ആന്റ് എൻജോയ് പുട്ട്' പദ്ധതി സപ്ലൈകോ പ്രഖ്യാപിച്ചിട്ടുണ്ട്. കന്നി വോട്ടർമാരെ സ്വീകരിക്കാൻ 'വോട്ട് സ്വീറ്റൻഡ് കേരള' ക്യാമ്പയിൻ്റെ ഭാഗമായി ഹൽവ വിതരണവും നടത്തുന്നുണ്ട്.
കേരളത്തിൽ ഇത്തവണ 85 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം ബോധവൽക്കരണ പരിപാടികൾ നടക്കുന്നത്. സംസ്ഥാനത്തെ 4.6 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 'ജെൻ സി ആന്തം റീൽസ് ' പോലുള്ള സോഷ്യൽ മീഡിയ മത്സരങ്ങളും സ്വീപിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ, വോട്ട് രേഖപ്പെടുത്തുന്നത് പൗരന്റെ കടമ മാത്രമല്ല, മറിച്ച് ഒരു ആഘോഷം കൂടിയാക്കി മാറ്റുകയാണ് ഈ തെരഞ്ഞെടുപ്പിൽ കേരളം. ഏപ്രിൽ 9-ന് നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് ഈ വമ്പൻ ഓഫറുകൾ സ്വന്തമാക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam