
കല്‍പ്പറ്റ: വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി. വയനാട്ടിൽ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ല. വോട്ട് ചോരി നടത്തിയാണ് മോദി തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ഇന്ത്യയിൽ ഒരാൾക്കും സംശയമില്ല. വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ പറഞ്ഞു. കൃത്യമായ തെളിവുകളാണ് വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. വോട്ട് ചോരി നടത്താൻ ഉപയോഗിച്ച ഫോൺ നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വാരണാസിയെ കുറിച്ചാണോ വെളിപ്പെടുത്തൽ എന്ന ചോദ്യത്തിന് എന്താണ് പുറത്തുവരാനുള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്നമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.
കഴിഞ്ഞ വാര്‍ത്ത സമ്മേളനങ്ങളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ കര്‍ണ്ണാടക സിഐഡിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാര്‍ നിയമ സഭ തെരഞ്ഞടുപ്പോടെ വോട്ട് കൊള്ളയിലെ നീക്കങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് രാഹുലിന്‍റെ നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായാല്‍ തൊട്ടു പിന്നാലെ മൂന്നാമത്തെ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ, മഹാരാഷ്ട്രയിലെയും ദില്ലയിലെയും ക്രമക്കേടുകളില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന് ഏഴു മാസത്തിനിടെ 14.71 ലക്ഷം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തതിലും ദില്ലി തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് രണ്ട് ഘട്ടങ്ങളിലായി നാല്‍പത്തിയെട്ടായിരം വോട്ടുകള്‍ ഒഴിവാക്കിയതിലുമാണ് അന്വേഷണം ആവശ്യപ്പെടുന്നത്. മാഹാരാഷ്ട്രയില്‍ യുപിഎ ഭരണകാലത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ന്യായീകരിച്ച കമ്മീഷന്‍ ദില്ലിയില്‍ മുന്‍ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജരിവാളും, അതിഷിയും നല്‍കിയ പരാതികള്‍ ഒരു നടപടിയുമെടുക്കാതെ തീര്‍പ്പാക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam