
പത്തനംതിട്ട:ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 1.14 ലക്ഷം കള്ളവോട്ടുകള്‍ ആറ്റിങ്ങൽ താൻ മത്സരിക്കാൻ എത്തിയപ്പോള്‍ കണ്ടെത്തിയെന്നും ചില നേതാക്കളൂടെ മക്കള്‍ക്ക് ഉൾപ്പടെ കള്ള വോട്ട് ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ബിജെപിയും സിപിഎമ്മും ഇതിന് നേതൃത്വം നൽകി. എന്നാൽ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തന്നെ ആശ്വസിപ്പിച്ചു മടക്കി അയക്കുകയായിരുന്നു. ഇതോടെ യുവാക്കൾ അടക്കം വിദഗ്ധ സംഘത്തെ താൻ മണ്ഡലത്തിൽ വിന്യസിച്ചു. പിന്നീട് തെളിവ് സഹിതം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചു.
തുടർന്ന് കളക്ടര്‍ വഴി ശക്തമായ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ 52000 ൽ അധികം കള്ളവോട്ടുകൾ ചെയ്യാൻ കഴിഞ്ഞില്ല. ഇത് രാഹുൽ ഗാന്ധിയേയും ബോധ്യപ്പെടുത്തി. തുടർന്നാണ് ഇപ്പോഴത്തെ രാഹുൽ ഗാന്ധിയുടെ നീക്കത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇത് ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, പലതവണ മെയിൽ അയച്ചിട്ടും കമ്മീഷൻ സമയം തന്നിട്ടില്ല.
ഇപ്പോഴും അനർഹരുടെ പേരുകൾ പട്ടികയിലുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സമഗ്രമായ പരിശോധന നടത്തും. ഇപ്പോൾ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ അട്ടിമറി നടത്തുന്നുണ്ട് വോട്ടർ പട്ടികയിൽ സർവതും അശാസ്ത്രീയ നടപടിയാണ്. കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് പറഞ്ഞു.