തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക: സുപ്രീം കോടതിയില്‍ തടസ്സഹർജിയുമായി മുസ്‍ലിം ലീഗ്

By Web TeamFirst Published Feb 18, 2020, 9:59 AM IST
Highlights

തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഹർജിയിൽ  ലീഗിന്റെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാൻ പാടുള്ളു എന്നാണ് ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. 

ദില്ലി: സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്  മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാൻ ഇരിക്കെയാണ് ലീഗ് തടസ ഹർജി നൽകിയത്. 

2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ത്തി വക്കുകയും ചെയ്തിട്ടുണ്ട്.  തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഹർജിയിൽ തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഉത്തരവ് ഇറക്കാൻ പാടുള്ളു എന്നാണ് ലീഗിന്‍റെ ആവശ്യം.

വോട്ടര്‍ പട്ടിക ; ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ്. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. 

തദ്ദേശതെരഞ്ഞെടുപ്പ്: പുതിയ വോട്ടര്‍ പട്ടിക ഉപയോഗിക്കാമോയെന്ന് ഹൈക്കോടതി

 

click me!