തിരുവനന്തപുരം: തദ്ദേശ തെര‍ഞ്ഞെടുപ്പിന് 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ത്തി വക്കുകയും ചെയ്തിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: തദ്ദേശതെരഞ്ഞെടുപ്പ്: പുതിയ വോട്ടര്‍ പട്ടിക ഉപയോഗിക്കാമോയെന്ന് ഹൈക്കോടതി... 

2015 ലെ വോട്ടര്‍പട്ടികക്ക് പകരം 2019 ലെ വോട്ടര് പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാകുമോ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്.  കോടതി നിര്‍ദ്ദേശിച്ചാൽ അങ്ങനെ ആകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയും ചെയ്തു. എന്നാൽ 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക പ്രശ്നങ്ങൾ വിവരിച്ച് അടുത്ത ആഴ്ത സുപ്രീംകോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. 

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിര്‍ത്തിക്കുന്നതും അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ വിശദീകരിക്കുന്നത്. കോടതി പറഞ്ഞാൽ 2019ലെ വോട്ടര്‍ പട്ടികയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതിയിൽ നിലപാട് എടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുകളുണ്ട്.