
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും രേഖകൾ ലഭ്യമായിട്ടില്ലെന്നുംചൂണ്ടിക്കാട്ടിയാണ് തൽക്കാലം കേസെടുക്കേണ്ടതില്ലെന്ന് നിലപാടിൽ പൊലീസ് എത്തിയത്. എന്നാൽ, വ്യാജരേഖ ചമച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തു എന്ന പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ കോടതിയെ സമീപിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ സ്ഥിരതാമസമാക്കി എന്ന വ്യാജ രേഖ ഉണ്ടാക്കി വോട്ടർപട്ടികയിൽ പേരുചേർത്ത് തൃശ്ശൂരിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വോട്ട് ചെയ്തു എന്നതായിരുന്നു ടി എൻ പ്രതാപിന്‍റെ പരാതി.
വ്യാജരേഖ ചമയ്ക്കുന്നത് ക്രിമിനൽ കുറ്റമായതിനാൽ പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതാപൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മീഷണർ ആര്‍ ഇളങ്കോ പരാതി അന്വേഷിക്കാനായി സിറ്റി എസിപി സലീഷ് ശങ്കരനെ ചുമതലപ്പെടുത്തി. ടി എൻ പ്രതാപന്‍റെ മൊഴി സലീഷ് ശങ്കരൻ രേഖപ്പെടുത്തി. ഇത് സംബന്ധിച്ച രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പൊലീസിന് മതിയായ രേഖകൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല. പരാതിക്കാരനോ തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാതെ കേസെടുക്കാൻ കഴിയില്ലെന്ന ഇടക്കാല റിപ്പോർട്ടാണ് സിറ്റി എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ചത് . ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷൻ പരാതിക്കാരനായ പ്രതാപന അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കൂടുതൽ രേഖകൾ ലഭിക്കുന്ന മുറക്ക് കേസെടുക്കുന്ന സാധ്യതകളെക്കുറിച്ച് പൊലീസ് വീണ്ടും പരിശോധിക്കും. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പ്രതാപിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam