
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിഎസ് അച്യുതാനന്ദൻ. ഉമ്മൻചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്നും ഐടി അറ്റ് സ്കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണെന്നും അച്യുതാനന്ദൻ കുറിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു, അന്ന് യുഡിഎഫ് നിലപാട്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് വിക്ടേഴ്സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയതെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.
എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്നും വിഎസ് അച്യുതാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തരംതാണതാണ്. ഐടി അറ്റ് സ്കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അദ്ധ്യക്ഷനായ ഒരു കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ്.
തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‍വേറിനു വേണ്ടി പോരാട്ടം നടത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ആ പോരാട്ടത്തില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന എന്‍റെ നിലപാട് വ്യക്തമായതുകൊണ്ട്കൂടിയാണ് ഇത് പറയുന്നത്. മൈക്രോസോഫ്റ്റിനു വേണ്ടി മാത്രം നടത്തുന്ന പത്താംതരം ഐടി പരീക്ഷ ബഹിഷ്കരിച്ച് കുത്തകവിരുദ്ധ പോരാട്ടം നടത്താന്‍ അന്ന് കെ.എസ്.ടി.എ പോലുള്ള അദ്ധ്യാപക സംഘടനകളുണ്ടായിരുന്നു. അതിന്‍റെ ഫലമായിട്ടാണ് ഇന്ന് സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ മാത്രം ഉപയോഗിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിക്കുന്നതും, അന്നത്തെ മുഖ്യമന്ത്രി എകെ ആന്‍റണിക്ക് അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ കത്തെഴുതുന്നതും, അതേത്തുടര്‍ന്ന് ശ്രീ ആന്‍റണി പ്രസ്തുത തീരുമാനം ഉപേക്ഷിക്കുന്നതും. വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു, അന്ന് യുഡിഎഫ് നിലപാട്.
തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് വിക്ടേഴ്സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. അതായത്, ഇത് വായിക്കുന്ന ആരെങ്കിലും വിക്ടേഴ്സ് ചാനല്‍ കാണുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രമാണ്. ഐടി അറ്റ് സ്കൂള്‍ പദ്ധതിയുടെ പലവിധ സംരംഭങ്ങളില്‍ ഒന്നായിരുന്നു, വിക്ടേഴ്സ് ചാനല്‍. ഇടതുപക്ഷം ആ ചാനലിനെ എതിര്‍ത്തിട്ടില്ല. ആ ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളു. എന്തിന്, വിക്ടേഴ്സ് ചാനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് 2006 ഓഗസ്റ്റില്‍ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ അതവിടെ ഇന്നും കാണും.
എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിന്‍റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മന്‍ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാന്‍ വേണ്ടത് ക്രിയാത്മകമായ സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങള്‍ വിളിച്ചുപറയുന്നതല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam