നൂറ്റാണ്ടിന്‍റെ സമരനായകന് വിട, കൊല്ലത്തിന്‍റെ വിപ്ലവ മണ്ണിലൂടെ വിഎസ്; വിലാപയാത്ര 16 മണിക്കൂര്‍ പിന്നിട്ടു, വഴിനീളെ മുദ്രാവാക്യങ്ങള്‍

Published : Jul 23, 2025, 06:12 AM IST
VS Achuthanandan

Synopsis

വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്.

കൊല്ലം: ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് നാടിന്റെ വീരോചിത യാത്രയയപ്പ്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്.

പ്രിയ സഖാവിനെ കാത്തിരിക്കുകയാണ് പുന്നപ്ര വയലാറിന്‍റെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം. രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിലും ആയിരങ്ങൾ വിഎസിന് അന്ത്യഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.

വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും പ്രവർത്തിക്കില്ല. ഇന്നത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. എംജി സർവകലാശാലയുടെ പരീക്ഷകളും മാറ്റി. സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി
കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം