വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി

Published : Jul 23, 2025, 08:15 AM IST
VS Achuthanandan

Synopsis

വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.

ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് മടങ്ങുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ അതിനിയും മണിക്കൂറുകള്‍ വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഎസിന്‍റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും