
ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും സാഹിത്യകാരൻ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷൺ സമ്മാനിക്കുക. കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, പ്രതിപക്ഷ നേതാവായും സി പി എം സംസ്ഥാന സെക്രട്ടറിയായും കേരളത്തിന്‍റെ സമസ്ത മേഖലകളിലും വലിയ മാറ്റത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വി എസ് അന്തരിച്ചപ്പോൾ, കേരളം കണ്ടത് സമാനതകളില്ലാത്ത വിലാപയാത്രയും കണ്ണീരുമായിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ ഒരാളായ നാരായണൻ ബി ജെ പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി (1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആർ എസ് എസിന്‍റെ കേരളത്തിലെ താത്വികാചാര്യൻ എന്ന നിലയിലും നാരായണൻ അറിയപ്പെടാറുണ്ട്.
നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. 5 പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam