'വാളയാര്‍ പീഡനക്കേസില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു'; വിഎസ് അന്ന് പറഞ്ഞത് ചര്‍ച്ചയാകുന്നു

By Web TeamFirst Published Oct 27, 2019, 4:08 PM IST
Highlights

സ്വന്തം സര്‍ക്കാരിന്‍റെ കീഴിലെ പൊലീസിനെതിരെ വിഎസ് അന്ന് നടത്തിയ പരാമര്‍ശങ്ങള്‍ അതുപോലെ തന്നെ സംഭവിച്ചു. പൊലീസിന്‍റെ അനാസ്ഥയില്‍ കേസിലെ മുഴുവന്‍പ്രതികളെയും കോടതി വെറുതെ വിട്ടു.

പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായി സഹോദരിമാരായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടതിന് പിന്നാലെ കേസ് അന്വേഷിച്ച പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിന്‍റെ വീഴ്ചയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ നേതാവ് ആനിരാജയുമടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. പൊലീസിന്‍റെ വീഴ്ച വിമര്‍ശിക്കപ്പെടുമ്പോള്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മരണം നടന്ന ശേഷം 2017ല്‍ കുട്ടികളുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

കേസിലെ പ്രതികളെ പൊലീസ്  സംരക്ഷിക്കുകയാണെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം അട്ടപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നീതികേട് കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണം. കേസില്‍ പ്രതികള്‍ക്ക് വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിച്ചത്. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വിഎസ് അന്ന് പറഞ്ഞു.

സ്വന്തം സര്‍ക്കാരിന്‍റെ കീഴിലെ പൊലീസിനെതിരെ വിഎസ് അന്ന് നടത്തിയ പരാമര്‍ശങ്ങള്‍ അതുപോലെ തന്നെ സംഭവിച്ചു. പൊലീസിന്‍റെ അനാസ്ഥയില്‍ കേസിലെ മുഴുവന്‍പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാനാണ് ഇപ്പോള്‍ പൊലീസിന്‍റെ ശ്രമം. എന്നാല്‍ പൊലീസ് അപ്പീൽ പോകുന്നതിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും പ്രതികളെ വെറുതെ വിട്ടതിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം ശക്തമായിരിക്കെ വിഎസിന്‍റ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

click me!