'മലര്‍ന്നു കിടന്ന് മുഖത്തേക്ക് തുപ്പരുത്'; സി ദിവാകരന് വിഎസിന്‍റെ മറുപടി

By Web TeamFirst Published May 19, 2019, 11:37 AM IST
Highlights

ഭരണ പരിഷ്കരണ കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വിഎസ്

തിരുവനന്തപുരം: തോമസ് ഐസക്കിനെയും തന്നെയും വിമര്‍ശിച്ച മുന്‍ മന്ത്രി സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍.  വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കാറുണ്ടായിരുന്നുവെന്നയിരുന്നു ദിവാകരന്റെ വെളിപ്പെടുത്തല്‍.

വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ദിവാകരൻ പരിഹസിച്ചു. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കുമെന്നാണ് വിഎസിന്‍റെ മറുപടി.

അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന് വിഎസ് തുറന്നടിച്ചു. ഭരണ പരിഷ്കരണ കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

റവന്യുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണയോഗത്തിലായിരുന്നു സി ദിവാകരന്‍റെ വിവാദ പരാമർശങ്ങള്‍. വിഎസ് സർക്കാറിന്‍റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സിപിഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് വിമർശനം. 

വിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!