പരോളിലിറങ്ങി രൂപേഷെത്തി; ജാമ്യത്തിൽ ഷൈനയും: ആമി വിവാഹിതയായി

By Web TeamFirst Published May 19, 2019, 11:00 AM IST
Highlights

രൂപേഷ് എത്തിയതിനാല്‍ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടക്കമുള്ള കനത്ത പൊലീസ് സുരക്ഷയാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ രൂപേഷ് പരോൾ സമയം പൂർത്തിയാക്കി അഞ്ചുമണിക്ക് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങി

തൃശൂർ: മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് ഷൈന ദമ്പതികളുടെ മകൾ ആമി വിവാഹിതയായി. പരോളിലിറങ്ങിയ അച്ഛന്‍റെയും ജാമ്യത്തിലുളള അമ്മയുടെയും സാന്നിധ്യത്തില്‍ വലപ്പാട്ടെ വീട്ടിലായിരുന്നു ലളിതമായ വിവാഹ ചടങ്ങ്.

മാവോയിസ്റ്റ് കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷിന്‍റെയും ജാമ്യത്തില്‍ പുറത്തിറങ്ങിയ ഷൈനയുടെയും രണ്ടു മക്കളില്‍ മൂത്തവളാണ് ആമി. ബംഗാൾ സ്വദേശി ഒർക്കോദീപാണ് വരൻ. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനിടെ സുഹൃത്തുക്കളായവരാണ് ഇരുവരും. തൃപ്രയാർ സബ് രജിസ്ട്രാർ ചന്തപ്പടിയിലെ വീട്ടിലെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചത്.

ഇരുവരുടെയും അടുത്ത ബന്ധുക്കൾ ഉൾപ്പെടെ പത്തൊമ്പത് പേരാണ് ചടങ്ങിനെത്തിയത്. സിപിഐ നേതാവ് ബിനോയ് വിശ്വം നേരിട്ടെത്തി നവദമ്പതികൾക്ക് ആശസ നേർന്നു. രൂപേഷ് വിവാഹ ചടങ്ങിനായി വിയ്യൂര്‍ ജയിലില്‍ നിന്ന് ഒരു ദിവസത്തെ പരോളിലിനിറങ്ങി. രൂപേഷ് എത്തിയതിനാല്‍ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടക്കമുള്ള കനത്ത പൊലീസ് സുരക്ഷയാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ രൂപേഷ് പരോൾ സമയം പൂർത്തിയാക്കി അഞ്ചുമണിക്ക് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങി. തിങ്കളാഴ്ച വധൂവരന്മാർ ബംഗാളിലേക്ക് പോകും.

മകള്‍ക്ക് വിവാഹ ആശംസകള്‍ നേർന്നുകൊണ്ട്  നാലുവർഷമായി ജയിലില്‍ കഴിയുന്ന രൂപേഷ് അയച്ച കത്ത് ശ്രദ്ധേയമായിരുന്നു. വിവിധ കേസുകളില്‍  വിചാരണതടവുകാരനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്. കുട്ടിക്കാലും മുതല്‍ സമരങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും  ഒപ്പമുണ്ടായിരുന്നു മകളെക്കുറിച്ചുള്ള ഓർമ്മകളും സ്നേഹവുമാണ് കത്തിലുള്ളത്. കൂടാതെ വിചാരണ തടവില്‍ കഴിയുന്നതിനാല്‍ വിവാഹത്തിന് ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ലെന്നും അവരെ ആശംസിക്കാന്‍ എല്ലാവരും ഉണ്ടാകണമെന്നും കത്തിലൂടെ  രൂപേഷ് പറയുന്നു.
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!