'മുത്തശ്ശന്‍ തരുന്നതാ, വാങ്ങിക്കോ, പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാ'; വിഎസ് സൂര്യനെല്ലി അതിജീവിതയെ കണ്ടത് ഓർമിച്ച് സുജ സൂസൻ ജോർജ്

Published : Jul 22, 2025, 01:34 PM IST
VS, Suja Susan George

Synopsis

വിഎസ് സൂര്യനെല്ലിയിലെ അതിജീവിതയെയും മാതാപിതാക്കളെയും സന്ദർശിച്ചതിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി എഴുത്തുകാരി സുജ സൂസൻ ജോർജ്.

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സൂര്യനെല്ലിയിലെ അതിജീവിതയെ സന്ദർശിച്ച് അനുസ്മരിച്ച് അധ്യാപികയും എഴുത്തുകാരിയുമായ സുജ സൂസൻ ജോർജ്. സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കാൻ തന്നെ വിളിപ്പിച്ചതിനെ കുറിച്ചാണ് സുജ സൂസന്‍ ജോർജിന്‍റെ കുറിപ്പ്. വിഎസ് വീട്ടിലെത്തി അതിജീവിതയോടും മാതാപിതാക്കളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍റെ കയ്യിൽ കൊടുത്തു. അച്ഛനത് വാങ്ങാൻ മടിച്ചപ്പോൾ 'അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്' എന്നായിരുന്നു വിഎസിന്‍റെ മറുപടിയെന്നും സുജ സൂസൻ ജോർജ് കുറിച്ചു

കുറിപ്പിന്‍റെ പൂർണരൂപം

വി എസ്.....

നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്‍റെ മാറ്റത്തിന്‍റെ ചരിത്രമായിരുന്നു. കണ്ണേ ,കരളേ വിഎസേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി, തൊണ്ട ഇടറി, കണ്ണ് നിറഞ്ഞ്, ജീവന്‍റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്‍റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്. വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.

സൂര്യനെല്ലി കേസും വിഎസും

അത് വലിയൊരു ചരിത്രമാണ്. അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്‍റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി. പ്രായം 85നു മേല്‍.

അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.

''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വിഎസ്.

വിട ! ഈ നൂറ്റാണ്ടിന്‍റെ നായകന്..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി