പാർട്ടി നിലപാടുകളോട് കലഹിച്ച വിഎസ്; അച്ചടക്ക നടപടികളിലൂടെ സിപിഎം തിരുത്താൻ ശ്രമിച്ചത് 9 തവണ

Published : Jul 22, 2025, 01:13 PM IST
vs achuthanandan

Synopsis

ശാസനയും തരം താഴ്ത്തലും സസ്‌പെൻഷനും ഒക്കെയായി പാർട്ടി കൈക്കൊണ്ട നടപടികളെയൊക്കെ അമ്മയുടെ ശാസനയെന്ന പോലെ അംഗീകരിച്ചിരുന്നു വിഎസ്.

സ്ഥാപക അംഗമായ വിഎസ് അച്യുതാനന്ദനെ സിപിഎം അച്ചടക്ക നടപടികളിലൂടെ തിരുത്താൻ ശ്രമിച്ചത് 9 തവണ. ശാസനയും തരം താഴ്ത്തലും സസ്‌പെൻഷനും ഒക്കെയായി പാർട്ടി കൈക്കൊണ്ട നടപടികളെയൊക്കെ അമ്മയുടെ ശാസനയെന്ന പോലെ അംഗീകരിച്ചിരുന്നു വിഎസ്. താൻ ശരിയെന്ന് കരുതിയ നിലപാടുകളിലൊന്നും അക്കാരണത്താൽ ഒരു വിട്ടുവീഴ്ചയും അദ്ദേഹം വരുത്തിയുമില്ല. 

ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹകുറ്റത്തിന് ജയിലിലടക്കപ്പെട്ടപ്പോള്‍ ജവാന്‍മാര്‍ക്ക് രക്തദാനം നടത്താന്‍ ആഹ്വാനം ചെയ്തതിന്റെ പേരിലാണ് വി എസിനെതിരെ ആദ്യ പാർട്ടി നടപടി വരുന്നത്. 1964 ൽ വി എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിന്നീട് 1998 ലെ നിർണായകമായ വെട്ടിനിരത്തലാണ് നടപടിക്ക് ആധാരമായത്. പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ സിഐടിയു വിഭാഗത്തിനെതിരെ വിഎസ് അനൂകുലികള്‍ മത്സരിച്ച് സിഐടിയുവിനെ വെട്ടിനിരത്തി. അന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വി എസിനെ പരസ്യമായി ശാസിച്ചു.

2007 ജനുവരിയിൽ എഡിബി ലോൺ വിവാദത്തിൽ മന്ത്രിമാരായ ഐസക്കിനെയും പാലോളിയെയും പ്രതിക്കൂട്ടിൽ നിർത്തിയതിനും താക്കീത് കിട്ടി. അതേവർഷം, വി എസ് സസ്പെൻഷനും നേരിട്ടു. വിഭാഗീയതയുടെ പേരിൽ വി എസിനെയും പിണറായിയേയും പിബിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പക്ഷേ നാല് മാസത്തിന് ശേഷം തിരിച്ചെടുത്തു. 2009 ൽ ലാവ്‌ലിൻ കേസിലാണ് നടപടിയെത്തിയത്. കേസിൽ പിണറായി വിജയനെതിരെ പാർട്ടി നിലപാടിൽ നിന്ന് ഭിന്നമായ നിലപാടെടുത്തതിന് പിബിയിൽ നിന്ന് സിസിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.

2012 ജൂലൈയിൽ പിണറായിയെ എസ് എ ഡാങ്കെയോട് ഉപമിച്ച് പ്രസംഗിച്ചതിന് താക്കീത് ചെയ്തു. അതേ വർഷം ഓക്ടോബറിൽ പാർട്ടി വിലക്ക് ലംഘിച്ച് കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള പ്രക്ഷോഭത്തെ പിന്തുണച്ചതിന് പരസ്യ ശാസന ഏറ്റുവാങ്ങി. 2013 ൽ ലാവ്‌ലിൻ വിഷയത്തിൽ സി എ ജിയെയാണ് പാർട്ടിയേക്കാൾ വിശ്വാസമെന്ന പ്രസ്താവന നടത്തിയതിനും കിട്ടി താക്കീത്. ഒടുവിൽ 2017 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്കിനായിരുന്നു നടപടി നേരിട്ടത്. പാർട്ടിയിൽ നിന്നേറ്റ പരസ്യ ശാസന വരെയെത്തി നിന്നും വി എസ് നേരിട്ട അച്ചടക്ക നടപടികള്‍.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ