
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടം പിന്നിട്ട് മുന്നോട്ടേക്ക്. കഴക്കൂട്ടത്ത് ദേശീയപാതയ്ക്ക് സമീപം വൻ ജനാവലിയാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത്. കാര്യവട്ടത്ത് സർവ്വകലാശാലയ്ക്ക് സമീപം നിരവധി വിദ്യാർഥികളും അദ്ദേഹത്തിന് ആദരാഞാജലികൾ അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ആറു മണിക്കൂർ പിന്നിടുമ്പോഴും പദയാത്രക്ക് സമാനമായ വേഗതയിലാണ് മുന്നോട്ട് പോകുന്നത്.
ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.
രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam