
കുട്ടനാട്: കുട്ടനാടിന്‍റെ ദുരിതങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനൊരുങ്ങി വിവിധ സംഘടനകൾ. വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിച്ച് പദ്ധതികൾ ഉടൻ തുടങ്ങണമെന്ന് സാമുദായിക ഐക്യവേദി ആവശ്യപ്പെട്ടു. അതിനിടെ , കുട്ടനാടൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.
കുട്ടനാടിന് കരകയറണം എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പരമ്പരയ്ക്ക് പിന്നാലെയാണ് വിവിധ സംഘടനകൾ സജീവമാകുന്നത്. മടവീഴ്ചയും വെള്ളപ്പൊക്കവും താളംതെറ്റിച്ച കുട്ടനാടൻ ജീവിതം തിരികെപിടിക്കുകയാണ് ലക്ഷ്യം. 13 സംഘടനകൾ ചേർന്ന് രൂപീകരിച്ച കുട്ടനാട് സാമുദായിക ഐക്യവേദി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിർദേശങ്ങൾ നൽകികഴിഞ്ഞു.
രണ്ടാം കുട്ടനാട് പാക്കേജ് ഉടൻ തുടങ്ങണം, എല്ലാം ശാസ്ത്രീയമായി നടപ്പാക്കാൻ വികസന അതോറിറ്റി രൂപീകരിക്കണം, എ.സി. റോഡിനെ സെമി എലിവേറ്റഡ് ഹൈവേയാക്കുന്ന പദ്ധതി ഉപേക്ഷിക്കണം തുടങ്ങിയവയാണ് ഐക്യവേദിയുടെ പ്രധാന ആവശ്യങ്ങൾ. ദുരിതം കൂടുതലുള്ള കൈനകരി പഞ്ചായത്തിലെ കനകാശ്ശേരി ഉൾപ്പെടെ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംഘവും സന്ദർശിക്കും. അതേസമയം, സേവ് കുട്ടനാട് കൂട്ടായ്മ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവരുമായി മന്ത്രിതല സംഘവും അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam