
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുൻ എംഎൽഎ വി ടി ബൽറാം. ലോക്ക്ഡൗൺ തുടർന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതിൽ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായതിലാണ് വിമര്‍ശനം.
സമ്പൂർണ്ണ പരാജയത്തേക്കുറിച്ചുള്ള വിമർശനത്തിന്‍റെ ചൂട് സ്വന്തം നേർക്ക് എടുക്കാതിരിക്കാൻ ഈ ചൂടാവൽ നാടകം കൊണ്ട് കഴിയുമോ?.. "വിദഗ്ധ സമിതി"യിലായാലും സർക്കാരിലായാലും പാർട്ടിയിലായാലും യഥാർത്ഥ വസ്തുതകൾ മുഖത്തു നോക്കി അവതരിപ്പിക്കാൻ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം.
വ്യത്യസ്താഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണം. ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈവവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരനെന്നും ബെൽറാം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള അടച്ചുപൂട്ടലിന് ബുധനാഴ്ചക്കുള്ളിൽ ബദൽ നിർദ്ദേശം മുന്നോട്ട് വെക്കാൻ അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ലോക്ക്ഡൗൺ തുടർന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതിൽ യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ലോക്ക്ഡൗണിനെതിരെ വ്യാപക എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാറിന്‍റെ പുനരാലോചന. 83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും വ്യാപനം മുകളിലേക്ക് തന്നെയാണ്. നിലവിലെ രീതികൾക്കെതിരെ നേരത്തെ തന്നെ വിമർശനമുയർന്നപ്പോഴും അന്ന് ഉദ്യോഗസ്ഥ വിശദീകരണത്തിന് വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ന്യായീകരിച്ച് നിന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.
ലോക്ക്ഡൗൺ കാരണം വ്യാപനത്തിൽ കുറവുണ്ടാകാത്തതെന്തെന്ന് വിശദീകരിക്കാനാവശ്യപ്പെട്ടു. ടിപിആർ അടിസ്താനത്തിൽ നിയന്ത്രണം ഇനി തുടരണോയെന്ന കാര്യത്തിൽ ബുധനാഴ്ച്ചക്കകം ഉത്തരം നൽകാനാണ് വിദഗ്ദസമിതിക്കും ചീഫ് സെക്രട്ടറിക്കും നൽകിയിരിക്കുന്ന നിർദേശം. എല്ലാ മേഖലയുമായും ചർച്ച നടത്തണമെന്നാണ് നിര്‍ദ്ദേശം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇളവുകൾ നൽകാവുന്ന തരത്തിലുള്ള നിർദേശങ്ങളിലേക്കാണ് പോകുന്നതെന്നാണ് സൂചന.
ടിപിആർ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ അടച്ചിടലിനെതിരെ വ്യാപാരികളിൽ നിന്നുയർന്ന പ്രതിഷേധവും വികാരവും പൊതുജനങ്ങൾക്കിടയിലും ശക്തമാവുകയാണ്. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് നടപടികൾക്ക് എതിരെയും ശക്തമായ പ്രതിഷേധമുണ്ട്. നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വ്യാപാരികൾ. അശാസ്ത്രീയ രീതി പിൻവലിക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam