
പാലക്കാട്: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ സി പി എമ്മിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് കുറിപ്പ് കോൺഗ്രസ് നേതാവ് വി ടി ബൽറാം പിൻവലിച്ചു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെയും കൈപിടിച്ച് നിൽക്കുന്ന ചിത്രമാണ് ബൽറാം പരിഹാസ രൂപേണ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം 'ക്ഷണിക്കുക എന്നത് കോൺഗ്രസിന്‍റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്നും ബൽറാം കുറിച്ചിരുന്നു. ഇതിനെതിരെ വിമർശനം ശക്തമായതോടെയാണ് ബൽറാം പോസ്റ്റ് പിൻവലിച്ചത്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിൻവലിക്കുന്നതെന്നാണ് ബൽറാം വിശദീകരിച്ചത്.
ബൽറാമിന്‍റെ കുറിപ്പ്
കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണ്. ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സി പി എമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സി പി എം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.
അതേസമയം ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി നിർത്തിയാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മെഹബൂബ മുഫ്തി, കമൽ നാഥ്, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല്ല, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ അടക്കമുള്ള നേതാക്കളും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam