വൈപ്പിൻ ​ഗവ. കോളേജ് സംഘർഷം; സിപിഐ നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഎം

By Web TeamFirst Published Jul 24, 2019, 9:18 PM IST
Highlights

ആഭ്യന്തര വകുപ്പിനെതിരെ തെരുവ് യുദ്ധം നടത്തുന്നത് ആരെ സഹായിക്കാൻ ആണെന്ന് സിപിഐ നേതൃത്വം പരിശോധിക്കണമെന്നും ഏരിയ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.   

വൈപ്പിൻ: എളങ്കുന്നപ്പുഴ വൈപ്പിൻ ഗവ. കോളേജിലുണ്ടായ സംഘർഷത്തിൽ സിപിഐ നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റി. രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ വാക്കുതർക്കത്തെ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷമായി സിപിഐ ചിത്രീകരിക്കുകയാണെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി സി കെ മോഹനൻ കുറ്റപ്പെടുത്തി.

കോളേജിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ വാഹനം സിപിഎമ്മോ എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ തടഞ്ഞിട്ടില്ലെന്നും മോഹനൻ പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരെ തെരുവ് യുദ്ധം നടത്തുന്നത് ആരെ സഹായിക്കാൻ ആണെന്ന് സിപിഐ നേതൃത്വം പരിശോധിക്കണമെന്നും ഏരിയ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഒരാഴ്ച മുമ്പാണ് എളങ്കുന്നപ്പുഴ വൈപ്പിൻ ഗവ. കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. കോളേജിൽ പ്രവേശനം നടക്കുന്നതിനിടെ പുതിയ കുട്ടികളെ കാണുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. രണ്ടാം വർഷ വിദ്യാർഥികൾക്ക് ബുധനാഴ്ച ക്ലാസില്ലായിരുന്നു. എന്നാൽ, രണ്ടാം വർഷക്കാരായ രണ്ട് എഐഎസ്എഫ് ഭാരവാഹികൾ കോളേജിലെത്തിയത് എസ്എഫ്ഐ ചോദ്യം ചെയ്തു. തുടർന്ന് തർക്കം കൈയാങ്കളിയിലേക്ക് കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ വിദ്യാർഥികളെ കാണാനെത്തിയ രാജുവിനെ തടഞ്ഞതിൽ പ്രതിഷേധിച്ച് പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സിപിഐ വിട്ടുനിന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ വിദ്യാർഥികളേയും ക്യാമ്പസിൽനിന്ന് പ്രിൻസിപ്പാൾ പുറത്താക്കിയിരുന്നു.  
  

click me!