55 ഏക്കർ, 200-ലധികം റിസോർട്ടുകൾ! വാഗമണ്ണിലെ വൻ കയ്യേറ്റം ഒഴിപ്പിക്കും, ഒടുവിൽ തീരുമാനം

By Web TeamFirst Published Jan 19, 2021, 9:01 AM IST
Highlights

ഭൂമിക്ക് പൊന്നുംവിലയുള്ള വാഗമണ്ണിലെ വൻഭൂമികയ്യേറ്റം പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട്. 

ഇടുക്കി: പൊന്നുംവിലയുള്ള ഇടുക്കി വാഗമണ്ണിലെ വമ്പൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനം. ഇരുന്നൂറിലധികം റിസോർട്ടുകളുള്ള 55 ഏക്കറിലെ വൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ വകുപ്പ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്ന് ഇടുക്കി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും അച്ഛൻ കെ ജെ സ്റ്റീഫനും ഭൂമി കയ്യേറിയ വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ഇംപാക്ട്. 

കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ക്രൈംബ്രാഞ്ചോ വിജിലൻസോ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

എന്താണ് വാഗമണ്ണിലെ ആ ഭൂമിക്ക് സംഭവിച്ചത്?

1989 ൽ വാഗമണ്ണിൽ ഭൂമി വാങ്ങിയ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ തന്‍റെ സ്ഥലത്തോട് ചേർന്ന 55 ഏക്കർ സർക്കാർ ഭൂമി കൂടി കയ്യേറുകയായിരുന്നു. 1994 കാലഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കയ്യേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കി. കയ്യേറിയ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചു വിറ്റു. ഇവിടെയിപ്പോഴുള്ളത് 200-ലധികം റിസോർട്ടുകളാണ്. 

ജോളി സ്റ്റീഫന്‍റെ മുൻ ഭാര്യ ഷേർളി മറ്റൊരു സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കയ്യേറ്റ വിവരം പുറത്തുവരുന്നത്. കയ്യേറ്റത്തിന് ജോളി സ്റ്റീഫന് എല്ലാ ഒത്താശയും ചെയ്തത് അന്നത്തെ പീരുമേട് താലൂക്കിലെയും വാഗമൺ വില്ലേജിലേയും ഉദ്യോഗസ്ഥരാണ്. 

ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതിന് പിന്നാലെ റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ റാണിമുടി എസ്റ്റേറ്റ് ഉടമ കയ്യേറിയത് സർക്കാർ ഭൂമി തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 12 പട്ടയങ്ങൾ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവൻ ആധാരങ്ങളും റദ്ദാക്കാൻ ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തു. 

അന്നത്തെ വാർത്ത ഇവിടെ:

click me!