കേരള നഴ്സിങ് കൗണ്‍സിലിലെ താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള കത്ത് വിവാദത്തിൽ

By Web TeamFirst Published Jan 19, 2021, 8:46 AM IST
Highlights

കൗണ്‍സിൽ യോഗത്തില്‍ താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അംഗങ്ങളുടെ നിലപാട്. ഈ നിലപാടിന് വിരുദ്ധമായി, കൗണ്‍സിലിന്‍റെ അംഗീകാരമുണ്ടെന്ന തെറ്റായ മിനിട്ട്സ് രേഖയാക്കിയാക്കിയാണ് രജിസ്ട്രാര്‍ ഇത്തരമൊരു കത്തയച്ചത്. 

തിരുവനന്തപുരം: കേരള നഴ്സിങ് കൗണ്‍സിലിലെ ഏഴ് താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയ കത്ത് വിവാദമായി. കൗണ്‍സിലിന്‍റെ തീരുമാനപ്രകാരമെന്ന് രേഖപ്പെടുത്തി നൽകിയ കത്തിനെതിരെ കൗണ്‍സില്‍ അംഗങ്ങൾ രംഗത്തെത്തിയതോടെ പിശക് പറ്റിയതാണെന്നും സ്ഥിരപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് രജിസ്ട്രാര്‍ വീണ്ടും കത്ത് നൽകിയത്. അതേസമയം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട ആദ്യ കത്ത് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിലാണ്.

10 വര്‍ഷത്തില്‍ കൂടുതല്‍ സേവന പരിചയമുള്ള ഏഴ് പേരെ നഴ്സിങ് കൗണ്‍സിലിൽ സ്ഥിരപ്പെടുത്തണമെന്നായിരുന്നു രജിസ്ട്രാര്‍ ഡോ. സലീന ഷാ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ജനുവരി ഒന്നിന് അയച്ച കത്തിലെ ആവശ്യം. ജീവനക്കാരുടെ കുറവ് പരിഹരിക്കാനുളള നടപടിയാണെന്നും ഡിസംബര്‍ 18 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് കത്തെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൗണ്‍സിൽ യോഗത്തില്‍ താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അംഗങ്ങളുടെ നിലപാട്. ഈ നിലപാടിന് വിരുദ്ധമായി, കൗണ്‍സിലിന്‍റെ അംഗീകാരമുണ്ടെന്ന തെറ്റായ മിനിട്ട്സ് രേഖയാക്കിയാക്കിയാണ് രജിസ്ട്രാര്‍ ഇത്തരമൊരു കത്തയച്ചത്. 

സംഭവം വിവാദമാകുകയും കൗണ്‍സില്‍ അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തതോടെ രജിസ്ട്രാര്‍ നിലപാട് തിരുത്തി. കൗണ്‍സില്‍ തീരുമാനം രേഖപ്പെടുത്തിയതില്‍ വന്ന പിശകാണെന്നും തനിക്ക് പറ്റിയ തെറ്റാണെന്നും സലീന ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നും പുനപരിശോധന വേണമെന്നും വ്യക്തമാക്കി ആരോഗ്യ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി. അംഗങ്ങൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനം എങ്ങനെയാണ് മിനിട്ട്സില്‍ തെറ്റായി രേഖപ്പെടുത്തിയതെന്നും അതിനുപിന്നാലെ സ്ഥിരപ്പെടുത്തണമന്ന കത്ത്.

സ്ഥിരപ്പെടുത്തണമെന്ന് രേഖപ്പെടുത്തി നൽകിയ കത്തിപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിലായതിനാല്‍ പുന പരിശോധന ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. പി.എസ്.സി പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്നവരുള്ളപ്പോൾ പിന്‍വാതില്‍ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.

click me!