
കോഴിക്കോട്: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിന് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് ദേശീയ പതാക ഉയര്‍ത്താൻ നിർദ്ദേശം. ആദ്യമായാണ് സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് ഇത്തരം ഒരു നിര്‍ദേശം നല്‍കുന്നത്. അതേ സമയം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നിർദ്ദേശം നല്‍കിയിട്ടില്ല.
വഖഫ് ബോര്‍ഡിന്‍റെ ഡിവിഷണല്‍ ഓഫീസാണ് വിവിധ പള്ളികളുടെ ചുമതലക്കാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. ദേശീയ പതാക ഉയർത്താനും ഭരണണഘടനയുടെ ആമുഖം വായിക്കാനും, ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കാനും ഉത്തരവില്‍ നിർദ്ദേശമുണ്ട്. നിർദ്ദേശം മാനിക്കുമെന്നും എല്ലാ ജില്ലകളിലേയും പള്ളികളില്‍ റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.
എന്നാല്‍ വഖഫ് ബോര്‍ഡിന്‍റെ ഈ നിര്‍ദേശത്തില്‍ ചില മുസ്ലീം നേതാക്കള്‍ അസ്വാഭാവികത കാണുന്നുണ്ട്. പള്ളികളില്‍ പതാക ഉയര്‍ത്തുന്നതില്‍ അവര്‍ക്ക് വിരോധമില്ല. എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ മാത്രം ആരാധനാലയത്തില്‍ മാത്രം പതാക ഉയര്‍ത്തുന്നത് എന്തിനെന്നാണ് അവരുടെ ചോദ്യം. ക്ഷേത്രങ്ങളില്‍ പതാക ഉയര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്ത്യന്‍ പള്ളികളെ നിയന്ത്രിക്കുന്ന ബോര്‍ഡ് ഇല്ലാത്തതിനാല്‍ അവിടേയും അത്തരമൊരു നിര്‍ദേശമില്ല. ഏതെങ്കിലും മുസ്ലീം സംഘടന സ്വമേധയാ തങ്ങളുടെ പള്ളികളില്‍ പതാക ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരുന്നതെങ്കില്‍ അത് സ്വാഗതം ചെയ്യപ്പേടേണ്ടതാണ്. പക്ഷേ സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള ബോര്‍ഡ് അത്തരം ഒരു നിര്‍ദേശം ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നതില് അനൗചിത്വമുണ്ടന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam