
പാലക്കാട്: പാലക്കാട് വാളയാറിൽ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകും വഴി മക്കളെ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ നടപടി. വാളയാർ സിഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട് വളയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് മുഖ്യമന്ത്രിയ്ക്കും എസ്പിക്കും നൽകിയ പരാതിയിൽ പറയുന്നത്.
കാറിൽ നിന്ന് ഇറങ്ങി തടയാൻ ശ്രമിച്ച ജോൺ ആൽബർട്ടിനെയും ഉദ്യോഗസ്ഥര്‍ മർദ്ദിച്ചതായി പരാതിയുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്തെന്നും ഇവർ പറയുന്നു. പരുക്ക് വകവെക്കാതെ പിന്നീട് ഇരുവരും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മദ്യപിച്ചിരുന്ന ഹൃദയ സ്വാമി പൊലീസിനോട് തട്ടിക്കയറുകയായിരുന്നെന്നാണ് വാളയാർ പൊലീസിൻ്റെ വിശദീകരണം.
സംഭവത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തി. വാളയാർ സിഐയെ കുറിച്ച് പൊലീസിനകത്ത് തന്നെ വ്യാപക പരാതി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സഹപ്രവർത്തകരെ മാനസികമായി പീഡിപ്പിക്കുന്നുവെന പരാതിയിൽ സിഐയെ സ്ഥലം മാറ്റണമെന്ന ആവശ്യം പൊലീസ് അസോസിയേഷൻ മുന്നോട്ടി വെച്ചിട്ടുണ്ട്. ഇതിന് പിന്നലെയാണ് സിഐയെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam