വാളയാര്‍ കേസിൽ എന്തുകൊണ്ട് നടപടിയില്ലെന്ന് ചെന്നിത്തല; രക്ഷിതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ

By Web TeamFirst Published Oct 9, 2020, 11:20 AM IST
Highlights

വാളയാർ കുടുംബത്തിന്‍റെ കണ്ണീര്‍ കേരളത്തിന്‍റെ കണ്ണീരാണ്. സര്‍ക്കാര്‍ നൽകിയ വാദ്ഗാനങ്ങളെല്ലാം പാഴായി . എന്തുകൊണ്ട് പുനരന്വേഷണം ഇല്ലെന്ന് ചെന്നിത്തല 

തിരുവനന്തപുരം: വാളയാര്‍ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് പുനരന്വേഷണം നടത്തുന്നില്ല? ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാൻ സര്‍ക്കാര്‍ മടിക്കുകയാണ്. വാളയാര്‍ പെൺകുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശ് പോലെ തന്നെ കേരളവും മാറി. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളതെന്നും  വാളയാർ കുടുംബത്തിന്‍റെ കണ്ണീര്‍ കേരളത്തിന്‍റെ കണ്ണീരാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. 

വാളയാര്‍ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേ സമയം സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. 

വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച ഉദ്യോഗസ്ഥരെക്കുറിച്ച് കുടുംബം ആരോപിച്ച  കാര്യങ്ങൾ തന്നെയാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷനും കണ്ടെത്തിയിട്ടുള്ളത്. കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നാണ് കുട്ടികളുടെ കുടുംബാംഗങ്ങൾ പറയുന്നത്. 

കേസ് തുടക്കത്തിൽ അന്വേഷിച്ച വാളയാർ എസ് ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോടിക് സെൽ ഡിവൈഎസ്പി സോജൻ എന്നവരെ അടക്കം സർവ്വീസിൽ നിന്ന് പുറത്തക്കാണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത് .അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്നും കുടുംബം ആവർത്തിക്കുന്നു.ഇക്കാര്യം തടയണമെന്നാവശ്യപ്പെട്ട്  പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.

ഏറെ വിവാദമായ വാളയാർ സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട് പോക്സോ കോടതിവിധിക്കെതിരെ ഇപ്പോഴും സമൂഹത്തിന്‍റെ പലകോണുകളിൽ പ്രതിഷേധം തുടരുകയാണ്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയയിലാണ്. 2017 ജനവരി 13നും മാർച്ച് നാലിനും ആണ് സഹോദരിമാരായ പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്

click me!