
പാലക്കാട്: രണ്ടു പെൺകുട്ടികളുടെ ദുരൂഹമരണം നടന്നപ്പോഴാണ് വാളയാർ വാർത്തകളിലിടം പിടിച്ചത്. എന്നാൽ ഈ സംഭവത്തിന് മുമ്പും ശേഷവും ഇവിടെ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയവർ പറയുന്നു. 2012 മുതൽ ഇതുവരെ വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തെന്ന കണക്കും ഇതോടൊപ്പം ചേർത്ത് വായിക്കണം.
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ വീടിന് ഏറെ അകലെയല്ലാത്ത ഒരു വീട്ടിൽ മറ്റൊരു പെൺകുട്ടിയുണ്ട് അവളെ തൽക്കാലം പ്രതീക്ഷയെന്ന് വിളിക്കും. ഏതാണ്ട് സമാന അനുഭവങ്ങൾ. പിതൃസഹോദരൻ വരെ പീഡിപ്പിച്ച ഈ കുഞ്ഞിന്റെ ദുരവസ്ഥ പുറത്തറിയുന്നത് വാളയാർ പെൺകുട്ടികളുടെ മരണ ശേഷം. ശരീരത്തിനേക്കാൾ മനസ്സിനുണ്ടായ നോവ് ഉണക്കി ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇപ്പോഴും കൂലിപ്പണി കഴിഞ്ഞ് അമ്മയെത്തുംവരെ ഒറ്റമുറി വീട്ടിൽ അടച്ചിരിപ്പാണ്.
അതിർത്തിമേഖലയിൽ ഇപ്പോഴും പെൺകുട്ടികൾ സുരക്ഷിതരല്ല എന്നതാണ് സത്യം. അരവയർ അന്നത്തിനായി അച്ഛനുമമ്മയും കൂലിപ്പണിതേടിയിറങ്ങുമ്പോൾ ,എത്ര കരുതലുണ്ടായാലും ദുരനുഭവങ്ങൾ. ഒരമ്മയ്ക്ക് മൂന്നുമക്കളെയാണ് കഴുകൻ കണ്ണിൽ നിന്ന് രക്ഷിക്കാനാവാതെ പോയത്.
പ്രായപൂർത്തിയാവാതെ അമ്മമാരായ പെൺകുട്ടികൾ. തനിക്ക് പറ്റിയ ദുരവസ്ഥ ലോകം അറിയാതിരിക്കാൻ കുരുന്നുകളെ ഉപേക്ഷിച്ച് പോയവർ. ഇങ്ങിനെയുമുണ്ട് ജീവിതങ്ങൾ
പോക്സോ നിയമം നിലവിൽ വന്നതുമുതൽ ഇതുവരെ വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 42 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ശിക്ഷിക്കപ്പെട്ടത് ആകെ 1 കേസ് മാത്രമെന്നതാണ് വിചിത്രം. വിവിധ കാരണങ്ങളാൽ 5 എണ്ണം പൊലീസ് അവസാനിപ്പിച്ചപ്പോൾ, 18 എണ്ണം വിചാരണ ഘട്ടത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam