വാളയാർ പീഡന കേസ്: പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നു സന്ദർശിച്ചേക്കും

By Web TeamFirst Published Nov 1, 2019, 6:17 AM IST
Highlights
  • സിബിഐ അന്വേഷണത്തിനായി നിയമപരമായ എല്ലാ നീക്കങ്ങളും നടത്തുമെന്നും വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി
  • പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂർ ധർണ്ണ സമരം തുടരുകയാണ്

പാലക്കാട്: വാളയാർ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നു സന്ദർശിച്ചേക്കും. പത്തുമണിയോടെ കമ്മീഷൻ വാളയാറെത്തുമെന്നാണ് വിവരം. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂർ ധർണ്ണ സമരം തുടരുകയാണ്. 

ഇന്ന് പഞ്ചായത്തുകൾ തോറും ബിജെപി പ്രതിഷേധ ചിത്രരചന സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ബാലാവകാശകമ്മീഷൻ സന്ദർശിക്കുന്ന സമയത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്.

വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.

സിബിഐ അന്വേഷണത്തിനായി നിയമപരമായ എല്ലാ നീക്കങ്ങളും നടത്തുമെന്നും വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. അതേസമയം തങ്ങൾ വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം, മാതാപിതാക്കള്‍ ഇവിടെ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷണൻ പറഞ്ഞു.

ഇന്നലെ നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലാണ് രക്ഷിതാക്കൾ സിബിഐ അന്വേഷണം എന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇത് സംബന്ധിച്ച് നിവേദനവും നൽകി. കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ പുന്നല ശ്രീകുമാറിനൊപ്പമാണ് രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

സിബിഐക്ക് അന്വേഷണം നേരിട്ടു കൈമാറുന്നതിലുള്ള നിയമപരമായ തടസ്സങ്ങള്‍ മുഖ്യമന്ത്രി അറിച്ചതായി പുന്നല ശ്രീകുമാർ പറഞ്ഞു. ദേശീയബാലാവകാശ കമ്മീഷൻ ഇന്നലെ വാളയാറിലെ കുട്ടികൾ മരിച്ച വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ആ ദിവസം മാതാപിതാക്കള്‍ സ്ഥലത്തുനിന്നും മാറിയതിൽ സംശയമുണ്ടെന്ന് ദേശീയ ബാലവാകാശ കമ്മീഷൻ യശ്വന്ത് ജയിൻ പറഞ്ഞു.

കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. എന്നാൽ രക്ഷിതാക്കള്‍ സ്വന്തം താത്പര്യപ്രകാരം മുഖ്യമന്ത്രിയെ കാണാനെത്തിയെന്നായിരുന്നു പുന്നല ശ്രീകുമാറിന്റെ ഇതിനോടുള്ള പ്രതികരണം. കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കുമെന്ന് ഡിജിപിയും വ്യക്തമാക്കി.

അതേ സമയം വാളയാർ പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിൻറെ ഭാഗമാണ് രക്ഷിതാക്കളെ മുഖ്യമന്ത്രി അടുത്തെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹ‍ർജി ഇന്ന് പരിഗണിക്കും. വാളയാർ കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച ഇന്ന് സെക്രട്ടറിയറ്റ് പടിക്കൽ ബിജെപി ഉപവാസ സമരം നടത്തും.

click me!