വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ

By Web TeamFirst Published Oct 28, 2019, 9:12 PM IST
Highlights
  • വസ്തുതാ പരമായി സംഭവങ്ങളെ വിലയിരുത്താൻ കേരള സമൂഹം തയ്യാറാകണം
  • പോക്സോ കേസായതിനാൽ വനിതാ കമ്മിഷന് കേസെടുക്കാനാവില്ല
  • വനിതാ കമ്മിഷൻ വൈകാരികമായല്ല സംഭവങ്ങളെ കാണുന്നതെന്നും എംസി ജോസഫൈൻ

തിരുവനന്തപുരം: വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. പ്രതികളെ വെറുതെ വിട്ട പശ്ചാത്തലത്തിൽ കേസ് വീണ്ടും സംസ്ഥാനത്ത് വൻ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ടത് എന്തുകൊണ്ടാണെന്ന് പുനരന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ വ്യാപ്തി വേണമെന്നും പ്രൊസിക്യുഷന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടു.

"ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച ഉയർന്ന ഓഫീസർമാരോ പൊലീസുകാരോ ഈ കേസ് അന്വേഷണം ഇളക്കിയിട്ടുണ്ടെങ്കിൽ അതും അന്വേഷണ വിധേയമാക്കണം. സിഡബ്യുസി ചെയർമാന് വീഴ്ച സംഭവിച്ചു. ചെയർമാൻ ഒരിക്കലും പ്രതിക്ക് വേണ്ടി ഹാജരാകാൻ പാടില്ലാത്തതാണ്."

"ഇന്ന് നിലനിൽക്കുന്ന ക്രിമിനൽ നടപടി ചട്ടവും തെളിവ് നിയമങ്ങളും പൊളിച്ചെഴുത്തിന് വിധേയമാക്കണം. ഇരകളാക്കപ്പെടുന്നവർക്ക് നീതി ലഭ്യമല്ലാത്ത വിധം പ്രതികൾക്ക് പലപ്പോഴും സംശയത്തിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. സംശയത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപ്പെടുന്നു. ഈ അവസ്ഥ മാറണം."

"പോക്സോ കേസായതിനാൽ വനിതാ കമ്മിഷന് കേസെടുക്കാനാവില്ല. സംഭവം നടന്ന സമയത്ത് വനിതാ കമ്മിഷനംഗം അഡ്വ ഷിജി ശിവജി സംഭവസ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ അന്വേഷിച്ചിട്ടുണ്ട്. ആ സമയത്ത് പൊലീസ് കേസെടുത്ത് കോടതിയിൽ പ്രതികളുടെ പേരിൽ ചാർജ്ജ് ചെയ്തിട്ടുമുണ്ട്. കോടതി വിചാരണ നടത്തി പ്രതികളെ വെറുതെ വിട്ട സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വനിതാ കമ്മിഷൻ വൈകാരികമായല്ല സംഭവങ്ങളെ കാണുന്നത്. വിവാദങ്ങളിൽ അതിശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ്. വസ്തുതാ പരമായി സംഭവങ്ങളെ വിലയിരുത്താൻ കേരള സമൂഹം തയ്യാറാകണം," എംസി ജോസഫൈൻ ആവശ്യപ്പെട്ടു.

click me!