ദേവസ്വം ഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ? പാഞ്ചാലി മേട്ടിലെ കുരിശ് എവിടെ? ഹൈക്കോടതി

By Asianet MalayalamFirst Published Jun 19, 2019, 12:47 PM IST
Highlights

പുതുതായി കുരിശുകള്‍ സ്ഥാപിച്ചത് എവിടെയാണെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി 

കൊച്ചി: ഇടുക്കി പഞ്ചാലിമേട്ടില്‍ സര്‍ക്കാര്‍ മിച്ചഭൂമിയില്‍ കുരിശും ത്രിശ്ശൂലവും സ്ഥാപിച്ച സംഭവത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. പഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയത് സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ബോര്‍ഡിന്‍റെ ഭൂമിയിലാണോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 

പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതിനിടെ കുരിശ് വിവാദത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് പഞ്ചാലിമേട്ടില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ നാമജപപ്രതിഷേധം നടത്തി. 

രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം നാമജപ പ്രതിഷേധം തുടങ്ങിയത്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം. 

അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ ചർച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കില്ലെന്ന നിലപാടിലാണ് ഇടുക്കി ജില്ലാ ഭരണകൂടം. റവന്യൂഭൂമിയിലെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച് ദിനേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തുടരും. സംഭവം വൈകാരിക വിഷയമായി മാറിയതിനാല്‍ ഇനി സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടാവട്ടെ എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട് എന്നാണ് സൂചന. 

ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്ത് എത്തി. പാഞ്ചാലിമേട്ടിലെ പ്രദേശവാസികള്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നതാത്പര്യങ്ങളില്ലെന്നും പുറത്ത് നിന്നുള്ള ചിലര്‍ ചേര്‍ന്നാണ് പ്രശ്നം വഷളാക്കുന്നതെന്നും പഞ്ചാലിമേട് ക്ഷേത്രക്കമ്മിറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 

click me!