
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും.
വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും വൈദ്യുതി വലിയ തോതിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു. ഉയര്‍ന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം ആറ് മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ 35 ശതമാനം വരെ ലാഭം നേടാമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.
2025 ഫെബ്രുവരി 1 മുതല്‍ യൂണിറ്റിന് ഒമ്പത് പൈസ നിരക്കിൽ വൈദ്യുതി ചാർജ് കുറയുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ലഭിക്കുക. നേരത്തെ യൂണിറ്റിന് 19 പൈസയാണ് ഇന്ധന സർചാർജായി ഈടാക്കി വന്നിരുന്നത്. ഇത് 10 പൈസയായി കുറഞ്ഞിട്ടുണ്ട്.
ഈ സര്‍ചാര്‍ജിന് പുറമെ ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ 9 പൈസ സര്‍ചാര്‍ജായി വാങ്ങാനും വ്യവസ്ഥയുണ്ടായിരുന്നു. നിലവിൽ 2024 ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്‍റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.
എന്നാൽ, ഫെബ്രുവരി മുതല്‍ കെ എസ് ഇ ബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. 2024 ഒക്റ്റോബര്‍ മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജ് കുറഞ്ഞതാണ് ഇതിന് കാരണമായി കെഎസ്ഇബി വിശദീകരിക്കുന്നത്. അതിനാൽ ഫെബ്രുവരി 2025 -ൽ 19 പൈസയിൽ നിന്ന് 10 പൈസയായി ഇന്ധന സർചാർജ് കുറയും. ഫലത്തിൽ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam