വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടും; ഓർഡിനൻസ് ഉടൻ

By Web TeamFirst Published Jun 17, 2020, 4:35 PM IST
Highlights

പിഎസ്സി മുഖേന നിയമനം നടക്കുമ്പോൾ മതവിശ്വാസികളല്ലാത്തവരും നിയമിക്കപ്പെടും. ഇത് പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനവാദം.


തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിലെ  നിയമനങ്ങൾ  ഇനി പിഎസ്സി നടത്തും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ സർക്കാർ തിരുമാനിച്ചത്. സംസ്ഥാനത്തെ വഖഫ് ബോഡിന് കീഴിലുള്ള ഹെഡ് ഓഫീസിലെയും 8 മേഖല ഓഫീസുകളിലെയും 200ഓളം തസ്തികകളിലാണ്  ഇതോടെ പിഎസ്സിക്ക് നിയമനം നടത്താനാവുക. പുരോഹിതരും മതാധ്യാപകരും നിയമനപരിധിയിൽ വരില്ല. 

2017ൽ തന്നെ പിണറായി സർക്കാർ ഇതിനുള്ള തീരുമാനമെടുത്തെങ്കിലും അന്ന് നടപ്പാക്കാനായില്ല. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ബോർഡ് ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി നൽകിയിരുന്നില്ല. സംസ്ഥാനതലത്തിൽ വ്യാപകമായ പ്രതിഷേധമാണ് ലീഗും ചില മുസ്ലിം സംഘടനകളും അന്ന് നടത്തിയത്. 

പിഎസ്സി മുഖേന നിയമനം നടക്കുമ്പോൾ മതവിശ്വാസികളല്ലാത്തവരും നിയമിക്കപ്പെടും. ഇത് പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനവാദം. അതേ സമയം ദേവസ്വംബോർഡിൽ ബോർഡാണ് നിയമനം നടത്തുന്നത്. അതേ വ്യവസ്ഥ വഖഫ് സ്ഥാപനങ്ങളിൽ വേണമെന്നാണ് മുസ്ലിം ലീഗടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടിരുന്നത്.  വഖഫ് ബോർഡിലെ ലീഗിന്റെയും ചില മുസ്ലീം സംഘടനകളുടെയും നിയന്ത്രണം അവസാനിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.   

Read Also: തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം; സർക്കാരിനേറ്റ തിരിച്ചടിയെന്ന് കോൺ​ഗ്രസ്....

click me!