
കൊച്ചി: മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. എറണാകുളത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്താണ് മുനമ്പം പ്രശ്നം?
തിരുവിതാംകൂര്‍ മഹാരാജാവ് 1902 ൽ കൊച്ചിയിലെത്തിയ ഗുജറാത്തുകാരനായ അബ്ദുല്‍ സത്താര്‍ സേട്ടിന് മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തെ 406 ഏക്കര്‍ ഭൂമി പാട്ടത്തിന് കൊടുത്തു. 1948 ആയപ്പോഴേക്കും സത്താര്‍ സേട്ടിന്റെ പിന്‍ഗാമിയായ സിദ്ധീഖ് സേട്ടിന്റെ പേരില്‍ ആ ഭൂമി മഹാരാജാവ് തീറാധാരം ചെയ്തു. 1948 ഓഗസ്റ്റ് 12ന് കോഴിക്കോട്ടെ ഫറൂഖ് കോളേജിന് മുനമ്പത്തെ ഭൂമി സിദ്ദീഖ് സേട്ട് വഖഫ് ചെയ്തു. 1950 നവംബര്‍ 1ന് എടപ്പള്ളി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഫറൂഖ് കോളേജ് മാനേജ്‌മെന്റ് ഈ ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും പിന്നീട് ഇവിടെ മത്സ്യത്തൊഴിലാളികൾ ഭൂമി കൈയ്യേറി വീട് വച്ചുവെന്നുമാണ് ആരോപണം. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2007 ൽ നിയോഗിച്ച ജസ്റ്റിസ് എം.എ.നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിൽ 23 സ്ഥലങ്ങളിലായി 600 ഏക്കര്‍ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടുവെന്ന് കണ്ടെത്തി. ഏറ്റവും കൂടുതല്‍ കയ്യേറ്റം കണ്ടെത്തിയത് മുനമ്പത്താണ്. 407 ഏക്കറില്‍ 188 ഏക്കര്‍ വില്‍പ്പന നടത്തിയെന്നായിരുന്നു റിപ്പോർട്ട്. 2010ൽ വി.എസ് സർക്കാരിൻ്റെ കാലത്ത് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.