ബോധവത്കരണം ഫലിക്കുന്നു; ശബരിമല പാതയോരത്ത് മാലിന്യ നിക്ഷേപം കുറഞ്ഞു

By Web TeamFirst Published Dec 15, 2019, 8:07 AM IST
Highlights

 ലക്ഷകണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ പാതയോരത്ത് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വനത്തിനും വന്യജീവികൾക്കും വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരുന്നത്. 

പത്തനംതിട്ട: ശബരിമല പാതയിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവിൽ കുറവ് വന്നതായി കണക്കുകൾ. പ്ലാസ്റ്റിക് ശേഖരിക്കുന്ന ഏജൻസിയാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് പാതയോരത്ത് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം കുറഞ്ഞുവരുന്നുവെന്ന് വ്യക്തമാക്കിയത്. ലക്ഷകണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ പാതയോരത്ത് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വനത്തിനും വന്യജീവികൾക്കും വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരുന്നത്. തീർത്ഥാടകർ ഉപക്ഷിക്കുന്ന പ്ലാസ്റ്റിക് ശേഖരിക്കാൻ പ്ലാപ്പള്ളി മുതൽ പമ്പവരെ ഹരിത സേനാംഗങ്ങളെ 200 മീറ്ററിൽ രണ്ടു പേർ എന്ന രീതിയിൽ വിന്യസിച്ചിട്ടുണ്ട്. 

തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. വിൽക്കാൻ കഴിയുന്ന വസ്തുക്കൾ വേർതിരിച്ച് ആവശ്യമുള്ളവർക്ക് നൽകുകയും പുനരുപയോഗ സാധ്യത ഉള്ളത് അതിനായി കൊണ്ട് പോകുകയും ചെയ്യും. ബോധവത്കരണ പരിപാടികൾ വിജയമായതാണ് പ്ളാസ്റ്റിക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.അതേസമയം നിലക്കൽ പ്രധാന ഇടതാവളമായതോടെ ഇവിടെ പ്ലാസ്റ്റിക് മാലിന്യം കൂടുതൽ എത്താൻ തുടങ്ങി. മാലിന്യം ശേഖരിക്കാനും വേർതിരിക്കാനും ഇത്തവണ നിലക്കലിലും സൗകര്യമുണ്ട്. കുടുംബശ്രീ സ്റ്റാളിലൂടെ പ്ലാസ്റ്റിക് ശേഖരിച്ച് തുണിസഞ്ചി നൽകുന്നതിനും, ജില്ലാഭരണകൂടം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 

click me!