
ചെന്നൈ: തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുത്തത്. മാലിന്യം തള്ളിയതിൽ 5 പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം അതിർത്തി കടന്ന് വരാതിരിക്കാൻ ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കുമെന്ന് തിരുനെൽ വേലി കളക്ടർ കാർത്തികേയൻ പറഞ്ഞു.
തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യക്കൂമ്പാരം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ വിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്.
വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ പിണറായി സർക്കാർ, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും
ക്ലീൻ കേരള കമ്പനി കൊണ്ടുവന്ന 20 ലോറികളിൽ നിറച്ചാണ് മാലിന്യം നീക്കം ചെയ്തത്. വിവിധ മാലിന്യ സംഭരണ കേന്ദ്രങ്ങളിലെത്തിച്ച് മാലിന്യം വേർതിരിച്ച ശേഷം സംസ്കരിക്കും. മാലിന്യം നിക്ഷേപിച്ച സ്ഥലങ്ങൾ തമിഴനാട് ആരോഗ്യവകുപ്പ് ശുചീകരിച്ചു. ആർസിസിയിൽ നിന്നും ക്രെഡൻസ് അടക്കമുള്ള ആശുപത്രികളിൽ നിന്നുമുള്ള മാലിന്യമാണ് തിരുനെൽവേലിയിൽ നിക്ഷേപിച്ചത്.
തലസ്ഥാനത്തെ ചില ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവർ അടക്കം 5 തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ശുചിത്വ മിഷന്റെ പട്ടികയിൽപ്പെട്ട കമ്പനിയാണ് ആശുപത്രികളിൽ മാലിന്യം ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ചത്. മാലിന്യസംസ്ക്കരണത്തിന് വേണ്ടത്ര സൗകര്യമില്ലാതെ ഈ കമ്പനികൾ എങ്ങനെ കരാർ നേടിയെന്ന ചോദ്യമാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam