മഴ കുറഞ്ഞിട്ടും വെള്ളം താഴുന്നില്ല; ആശങ്കയില്‍ കുട്ടനാട്

By Web TeamFirst Published Aug 15, 2019, 12:12 PM IST
Highlights

പമ്പയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അപ്പർ കുട്ടനാട്ടിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ആലപ്പുഴ: മഴ കുറഞ്ഞിട്ടും ജലനിരപ്പ് താഴാത്തതിന്‍റെ ആശങ്കയിലാണ് കുട്ടനാട്. മടവീഴ്ചയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതോടെ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പമ്പയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ താലൂക്കിൽ അതീവ ജാഗ്രത നി‍ർദേശം പുറപ്പെടുവിച്ചു.

രാത്രി വൈകി കൈനകരിയിലെ പാടങ്ങളിൽ മടവീഴ്ചയുണ്ടായി. വീടുകളിൽ വെള്ളം കയറിയതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. 30,000ത്തോളം ആളുകളാണ് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത്. മടവീഴ്ചയിൽ ഇതുവരെ  2708 ഹെക്ടറിലെ നെൽകൃഷിയും 2048 ഹെക്ടറിലെ കരകൃഷിയും നശിച്ചു.

കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണ് നീക്കുന്ന ജോലികൾ വേഗത്തിലാൻ ജലസേചനവകുപ്പ് തീരുമാനിച്ചു. ഇവിടെ നിന്ന് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് മടവീഴ്ച ഭീഷണിയുള്ള പാടങ്ങളിൽ താൽകാലിക ബണ്ട് നിർമിക്കും. പമ്പയാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അപ്പർ കുട്ടനാട്ടിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വെള്ളക്കെട്ട് ഒഴിയാത്തിനാൽ ആറാം ദിനവും എസി വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

click me!