
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങിയത് കാരണം രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിൽ. രണ്ടാം ദിവസമാണ് മെഡിക്കൽ കോളേജിൽ ജല ക്ഷാമം നേരിടുന്നത്. എന്നാൽ വെള്ള സംഭരണി ക്ളീൻ ചെയ്യുന്നത് കൊണ്ടുള്ള നിയന്ത്രണമെന്നാണ് ജലക്ഷാമത്തേക്കുറിച്ച് വാട്ടർ അതോറിറ്റി വിശദമാക്കുന്നത്. ശുചിമുറികളിൽ പോലും വെള്ളമില്ല. രണ്ടും മൂന്നും നിലകളിലേക്ക് ബക്കറ്റിലും കുപ്പികളിലും വെള്ളം കൊണ്ടുപോകേണ്ട അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരുമുള്ളത്. രണ്ട് ടാങ്കർ ലോറികളിൽ വാട്ടർ അതോറിറ്റി വെള്ളമെത്തിച്ചെങ്കിലും ആശുപത്രിയിലെ രോഗികൾക്ക് അത് പര്യാപതമല്ല. ഇന്ന് വൈകീട്ട് ടാങ്കറിൽ വെള്ളം എത്തിച്ചിട്ടും പ്രശ്ന പരിഹാരമായിരുന്നില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ് വൈ ബ്ലോക്കില്‍ ഇക്കഴിഞ്ഞ മെയ് രണ്ടിനുണ്ടായ തീപിടുത്തവും ഉണ്ടായിരുന്നു. തീപിടുത്തത്തേക്കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിശദമായ റിപ്പോർട്ട് പുറത്ത് വന്നത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് സബ് കളക്ടര്‍ നേതൃത്വം നൽകിയ അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
ആദ്യം പുക ഉയര്‍ന്ന യുപിഎസ് മുറിയിലെയും ആറു നില കെട്ടിടത്തിലെയും സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും എണ്ണിപ്പറയുന്നതിനൊപ്പം പരിഹാര നിര്‍ദേശങ്ങള്‍ കൂടി അടങ്ങിയതാണ് റിപ്പോര്‍ട്ട്. സംഭവ സമയം അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ കീഴിലുള്ള സംഘത്തിന്‍റേതായിരുന്നു ഒന്നാമത്തെ അന്വേഷണം. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗത്തിന്‍റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. ഈ അന്വേഷണത്തില്‍ 200 കോടിയോളം ചെലവിട്ടുള്ള ആറു നില കെട്ടിട നിര്‍മ്മാണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഈ വീഴ്ചകള്‍ അടിവരയിടുന്നതും കൂടുതല്‍ കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളുമടങ്ങിയതാണ് സബ് കളക്ടര്‍ മേല്‍നോട്ടം വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ നൂറു പേജോളം വരുന്ന റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam