
കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം വൈകും.കേടായ മോട്ടോറുകൾ പ്രവർത്തന ക്ഷമമാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതുവരെ ടാങ്കറുകളിലെ കുടിവെള്ള വിതരണം തുടരും
കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്. പിറവം പഴവൂർ പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളും തകരാറിലായതോടെയാണ് ജല വിതരണം തടസ്സപ്പെട്ടത്. കുടിവെള്ളം കിട്ടാനില്ലെന്ന പരാതി വ്യാപകമായതോടെയാണ് മന്ത്രി തന്നെ നേരിട്ടെത്തി യോഗം വിളിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.പഴവൂർ പന്പ് ഹൗസിലെ കേടായ മോട്ടറുകളിൽ ആദ്യത്തേത് ഈ മാസം 26 നും രണ്ടാമത്തേത് മാർച്ച് 8 നും മാത്രമേ പ്രവർത്തന ക്ഷമമാവൂ എന്ന് ഉദ്യോഗസ്ഥർ മന്ത്രിയോട് വ്യക്തമാക്കി. ഇതോടെയാണ് കുടിവെള്ള വിതരണം കാര്യ ക്ഷമമാക്കാൻ നോഡൽ ഓഫീസറെ നിയോഗിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ പോലും കുടിവെള്ള വിതരണത്തിന് ടാങ്കറുകൾ ഉപയോഗിക്കുന്നതിൽ ടെണ്ടർ വിളിക്കണം എന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ തടസ്സമാവുന്നുണ്ടെന്ന് തദ്ദേശഭരണസ്ഥാപനങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ല കളക്ടർ ഉടൻ യോഗം വിളിച്ച് പരിഹരിക്കും. മുൻ കരുതലായി ഒരു മോട്ടോർ കൂടി വാങ്ങാനും വാട്ടർ അതോറിറ്റി തീരുമാനിച്ചു.