
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതിയിൽ നിന്ന് വരെ ഉയര്‍ന്നതോടെ മേയറെ വിളിച്ച് വരുത്തി ജില്ലാ കോൺഗ്രസ് നേതൃത്വം. വെള്ളക്കെട്ട് പരിഹരിക്കാനുള്ള കോര്‍പ്പറേഷൻ നടപടികൾ പരാജയപ്പെട്ടെന്ന വിമര്‍ശനം പാര്‍ട്ടിക്കകത്ത് കൂടി ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
പതിനൊന്ന് മണിക്കാണ് ഡിസിസി പ്രസിഡന്‍റ് ടി ജെ വിനോദിന്‍റെ നേതൃത്വത്തിൽ മേയര്‍ പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുള്ളത്. വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ അടിയന്തര പരിഹാരം വേണമെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ഇക്കാര്യം യോഗത്തിൽ മേയറെ അറിയിക്കും.
മഴ പെയ്താലുടൻ വെള്ളം നിറയുന്ന കൊച്ചി നഗരത്തിലെ പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര ഏകോപനം ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനുമായി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം കൊച്ചി മേയര്‍ ഉന്നയിച്ചിരുന്നു. മന്ത്രി വിഎസ് സുനിൽകുമാര്‍ വിളിച്ച യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നതായാണ് മേയറുടെ പ്രതികരണം. ഓടകളും കാനകളും വൃത്തിയാക്കി വെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ വഴി നടപ്പാക്കുന്നത്.
അതേ സമയം വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ കോർപ്പറേഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പരസ്യമായി രംഗത്തെത്തി. മഴക്കാല പൂർവ്വ ശുചീകരണത്തിലും വീഴ്ചയുണ്ടായി. ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മേയര്‍ക്ക് ആകില്ലെന്നാണ് വേണുഗോപാലിന്‍റെ വിമർശനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam