
കല്‍പ്പറ്റ: രാജ്യത്ത് തന്നെ പാര്‍ലമെന്‍റിൽ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന ഒരേ ഒരു സ്ഥലമായിരിക്കും വയനാടെന്നും താനും ഈ നാടിന്‍റെ അനൗദ്യോഗിക പ്രതിനിധിയായി എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി എംപി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകും.
തന്‍റെ അച്ഛൻ മരിച്ചപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. കൂട്ടുകാര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചെറുപ്പം മുതലെ അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് പ്രിയങ്കയുടെ രീതി. അതിനാൽ തന്നെ വയനാട്ടുകാരുടെ എന്ത് പ്രശ്നത്തിലും പ്രിയങ്ക ഗാന്ധി കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്.
എനിക്ക് നൽകിയ സ്നേഹം പ്രിയങ്കയ്ക്കും നല്‍കണം. നിങ്ങള്‍ വയനാട്ടുകാരെ ഞാൻ എന്‍റെ സഹോദരിയെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ സഹോദരിക്കുണ്ടാകണം. എന്‍റെ കൈയിൽ ഉള്ള രാഖി പ്രിയങ്ക കിട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്‍റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും കൂടെയുണ്ടാകുമെന്നാണ് നൽകാനുള്ള ഉറപ്പമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നുമാണ് വയനാട്ടിലെ യുഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞത്. കല്‍പ്പറ്റയെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ അനുസ്മരിച്ചു.
വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി; ആവേശക്കടലായി കല്‍പ്പറ്റ, രാഹുലിനൊപ്പം റോഡ് ഷോ തുടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam