മഴ ശക്തിപ്രാപിക്കുന്നു, കോഴിക്കോടും വയനാടും റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

By Web TeamFirst Published Aug 6, 2020, 11:04 AM IST
Highlights

അടുത്ത 3 മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അടുത്ത 3 മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ടിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ  ഓഗസ്റ്റ്  പത്ത് വരെ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു.  മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ ഒഴിവാക്കാനാണ് നടപടി. ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റീമീറ്റർ ഉയർത്തി. 

 

കനത്ത മഴയിലും കാറ്റിലും കൊല്ലത്ത് കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. കുണ്ടറ, കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, ഏരൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് നഷ്ടങ്ങളേറെയും സംഭവിച്ചത്. ഒട്ടേറെ വീടുകൾ തകർന്നു, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു, ക്യഷി നശിച്ചു. എം.സി.റോഡിൽ സദാനന്ദപുരത്തും തൃക്കണ്ണമംഗലത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.

ചാലക്കുടി മോതിരക്കണ്ണിയിൽ ചുഴലിക്കാറ്റ് ഉണ്ടായി. 10 വൈദ്യുത പോസ്റ്റ് മറിഞ്ഞു വീണു.  കാറിന് മുകളിലേക്ക് മരം വീണു. കാറ്റിൽ പ്രദേശത്ത്  വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മാവൂരിൽ വീടുകളിൽ വെള്ളം കയറുന്നു. കച്ചേരികുന്നിൽ ഏഴ് വീടുകളിലെയും തെങ്ങി ലകടവിൽ 13 വീടുകളിലെയും കുറിക്കടവിൽ അഞ്ചു വീടുകളിലെയും ആളുകളെ മാറ്റി. മാവൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

click me!