ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇരുപതിലധികം തവണ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവസരം ലഭിക്കുന്നത്. നിലവില്‍ പാലക്കാട് ഇല്ലിക്കോട്ടു കുറിശി ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കാണ് കാലാവധി.ഇത്തവണ 49 അപേക്ഷകളാണ് പരിഗണിക്കപ്പെട്ടത്. കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ35 പേരുകള്‍ എഴുതി വെള്ളികൂടത്തിലിട്ട ശേഷം നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി നറുക്കെടുക്കുകയായിരുന്നു.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ,തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഏ വി ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിയുക്ത മേല്‍ശാന്തി മാര്‍ച്ച് 31ന് രാത്രി സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

YouTube video player