
കൊച്ചി: വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശം പ്രകാരം അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഷഹലയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ക്കും കൃത്യമായ ചികിത്സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് തന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജഡ്ജി എ. ഹാരിസ് പറയുന്നു.
പാമ്പ് കടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അച്ഛനെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സ്കൂളിലെ അധ്യാപകര്‍ ചെയ്തത്. അരമണിക്കൂറോളം പാമ്പ് കടിയേറ്റ കുട്ടി സ്കൂളില്‍ ഉണ്ടായിരുന്നു. കുട്ടിയേയും കൂട്ടി അച്ഛന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അധ്യാപകര്‍ നോക്കി നിന്നത് തെറ്റാണ്.
അവശയായ മകളെയും തോളിലിട്ട് വിതുമ്പി കൊണ്ട് പോകുന്ന അച്ഛന്‍റെ ദൃശ്യം വേദനാജനകമായ കാഴ്ചയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ജഡ്ജി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഈ ദൃശ്യം കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി നാളെ പരിഗണിക്കും. അധ്യാപകരുടേയും ഡോക്ടറുടേയും വീഴ്ചകള്‍ എണ്ണി പറയുന്ന റിപ്പോര്‍ട്ടില്‍ സ്വമേധയ കേസെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് ഹൈക്കോടതി കടക്കാന്‍ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam