വയനാട് പരിസ്ഥിതി ലോല വിജ്ഞാപനം: എതിർത്ത് ജില്ലാപഞ്ചായത്ത്, സമരങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനം

By Web TeamFirst Published Feb 5, 2021, 9:36 AM IST
Highlights

വിജ്ഞാപനത്തിന് എതിരെയുള്ള സമരങ്ങൾക്ക്  നേതൃത്വം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ ജില്ലാ പഞ്ചായത്തിൻറെ അടിയന്തര ഡയറക്ടർ ബോർഡ് യോഗം വിളിച്ചു

വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ മൂന്നര കിലോമീറ്റർ വായു പരിധിയെ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തെ എതിർത്ത് ജില്ലാപഞ്ചായത്ത്. വിജ്ഞാപനത്തിന് എതിരെയുള്ള സമരങ്ങൾക്ക്  നേതൃത്വം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ ജില്ലാ പഞ്ചായത്തിൻറെ അടിയന്തര ഡയറക്ടർ ബോർഡ് യോഗം വിളിച്ചു. അടിയന്തര ബോർഡ് യോഗത്തിൽ കരടുവിജ്ഞാപനത്തിനെതിരെ  പ്രമേയം പാസാക്കുമെന്നും ഷംഷാദ് മരക്കാർ പറഞ്ഞു.

മുഴുവൻ പഞ്ചായത്തുകളെയും കൂട്ടിയോജിപ്പിച്ച് സമരം തുടങ്ങാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. അടിയന്തര ബോർഡ് യോഗം കൂടാൻ എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും  നിർദ്ദേശം നൽകും. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഉള്ള സമരത്തിനാണ് ജില്ലാപഞ്ചായത്ത് ആലോചിക്കുന്നതെന്നും ഷംസാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി ഇടത് വലത് മുന്നണികള്‍ രം​ഗത്തെത്തിയിട്ടുണ്ട്. വിജ്ഞാപനം തിരുത്താൻ കേന്ദ്രത്തില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. വി‍ജ്ഞാപനത്തിനെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനാണ് ഇടത് തീരുമാനം. ഇവര്‍ക്കൊപ്പം വ്യാപാരികളും കര്‍ഷക സംഘടനകളും വയനാട്ടില്‍ സമരം തുടങ്ങി.

കരട് വി‍ജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും യോഗം ചേര്‍ന്നത്. വിജ്ഞാപനത്തിനിടയാക്കിയത് സംസ്ഥാനസര്‍ക്കാർ നല്‍കിയ നിര്‍ദ്ദേശമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. പിന്‍വലിക്കാൻ സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് നാലു ദിവസമാണ് നല്കിയിരിക്കുന്ന സമയം. 

കരട് വിജ്ഞാപനം രാഷ്ട്രീയ പോരിന് ഉപയോഗിക്കാതെ പിൻവലിക്കാൻ കൂട്ടായി ശ്രമിക്കണമെന്നാണ് വ്യാപാരി വ്യവസായിസംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതേ അവശ്യമുന്നയിച്ച് കര്‍ഷക സംഘടനകളും ബത്തേരിയില്‍ പ്രകടനം നടത്തി. ബത്തേരിക്കോപ്പം കാട്ടികുളം തിരുനെല്ലി മേഖലകളിലും പ്രതിഷേധം ശക്തമാവുകയാണ്.

click me!