
സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനം ശക്തമായ വയനാട്ടിൽ സ്ഥിതി ഗുരുതരമാണെന്നും ഇവിടെ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം നേരിടുന്നുവെന്നും ആരോപണം. കേരള ഗവർൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനാണ് വയനാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്തിയും പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
ഡെപ്യൂട്ടി ഡിഎംഒ അടക്കം സുപ്രധാന തസ്തികകൾ വയനാട്ടിൽ ഒഴിഞ്ഞു കിടക്കുകയാണെന്ന് കെജിഎംഒ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വ്യാപനം ശക്തമായി വരുകയും പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്ത സമയത്ത് വയനാട് ജില്ലയിൽ ആരോഗ്യവകുപ്പിൽ സുപ്രധാന സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പക്ഷം രണ്ടാമതൊരു കൊവിഡ് ആശുപത്രി കൂടി തുറക്കേണ്ടി വന്നാൽ അതിനാവശ്യമായ മനുഷ്യവിഭവശേഷി നിലവിൽ വയനാട്ടിലില്ല. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും നിലവിൽ പ്രധാന തസ്തികകൾ പ്രവർത്തിപ്പിക്കുന്നത് പകരം ആളുകളെ വച്ചാണ്.
അനുഭവപരിചയവും കഴിവുമുള്ള ആരോഗ്യപ്രവർത്തകർ നേരത്തെ ജില്ലയിലുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പലരേയും സ്ഥലം മാറ്റിയിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇവരെയെല്ലാം തിരിച്ചു കൊണ്ടു വരാൻ സർക്കാർ തയ്യാറാവണമെന്നും കഴിവ് തെളിയിച്ചവർ തിരികെ എത്താൻ അപേക്ഷ നൽകിയിട്ടും രാഷ്ട്രീയ താല്പര്യം കാരണം പരിഗണിക്കാത്ത അവസ്ഥയാണെന്നും കെജിഎംഒ പരാതിപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam