
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർക്ക് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുന്നു. കിറ്റ് നൽകിയത് ആരാണ്? ദുരിതാശ്വാസ വസ്തുക്കൾ പുഴുവരിച്ച് നശിക്കാനിടയായത് ആരുടെ വീഴ്ച കാരണമാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമായിട്ടില്ല. എന്നാൽ കിറ്റ് വിവാദം രാഷ്ട്രീയ പാർട്ടികൾ പരസ്പരം കത്തിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കിറ്റ് വിവാദം ചർച്ചയാക്കുന്നുണ്ട്.
വയനാട്ടിൽ കിറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മേപ്പാടി പഞ്ചായത്തിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സർക്കാർ പുതുതായി നൽകിയ അരിയും കാലാവധി കഴിഞ്ഞതെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി പിന്നാലെ രംഗത്ത് വന്നു. കിറ്റുകൾ കെട്ടിക്കിടക്കുന്ന കൈനാട്ടിയിലെ സംഭരണ കേന്ദ്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും സമരം ചെയ്തു.
മേപ്പാടിയിൽ സർക്കാർ പുതുതായി നൽകിയ അരിയും കാലാവധി കഴിഞ്ഞവയെന്ന് മേപ്പാടി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളും ആരോപിച്ചു. കഴിഞ്ഞമാസം 30നും ഈ മാസം ഒന്നിനും വിതരണം ചെയ്ത ചില അരിച്ചാക്കുകൾ പഴയതെന്നാണ് പരാതി. ഈ ചാക്കുകളിൽ ചിലതിൽ പ്രാണികളുണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നു. പിന്നാലെയാണ് ടി സിദ്ധിഖ് എംഎൽഎൽയുടെ നേതൃത്വത്തിൽ കിറ്റുകൾ കെട്ടിക്കിടക്കുന്ന വയനാട് ജില്ലാ ഭരണകൂടത്തിന്റെ കൈനാട്ടിയിലെ ഗോഡൗണിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam