
വയനാട്: കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ ഇന്നും കണ്ടെത്താനായില്ല. കടുവയെ കണ്ടെത്താനാകാത്തതിനാൽ വനംവകുപ്പ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കടുവയെ കണ്ടെത്തിയ ശേഷം മയക്കു വെടി വെക്കണോ എന്ന് തീരുമാനിക്കുമെന്നാണ് വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു അറിയിച്ചത്. അതേസമയം, കടുവ ഇന്നലെ ആക്രമിച്ച ചെതലയം റേഞ്ചർ ശശികുമാർ ഇപ്പോഴും സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് തിരച്ചിലിനായി കൂടുതൽ വനപാലകർ കൊളവള്ളിയിൽ എത്തിയിരുന്നു. രാവിലെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സിസിഎഫിന്റെയും വൈൽഡ് ലൈഫ് വാർഡന്റെയും നേതൃത്വത്തിൽ മുന്നൂറിലധികം വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തി. ഓടിച്ചു വിടലും കൂടു വെച്ച് പിടികൂടലും ഇനി സാധ്യമല്ലെന്നാണ് വനംവകുപ്പിനെ നിഗമനം. കണ്ടെത്തിയശേഷം മയക്കുവെടിവെച്ച് പിടികൂടാനാണ് ആലോചന.മയക്കു വെടി വെക്കുന്നതിനായി വെറ്റിനറി സർജൻമാരുടെ സംഘവും കൊളവള്ളിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തെരച്ചിലിൽ ജനങ്ങളെ പങ്കെടുപ്പിച്ചില്ല. കൊളവള്ളി മേഖലയിലെ 20 കിലോമീറ്റർ ചുറ്റളവിലാണ് വനം വകുപ്പ് ജാഗ്രത നിർദേശം നൽകുന്നത്. തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്. കടുവയുടെ അക്രമം ഭയന്നാണ് കഴിഞ്ഞ നാല് ദിവസമായി കൊളവള്ളിയിലെയും പരിസരപ്രദേശങ്ങളിലേയും നാട്ടുകാർ കഴിയുന്നത്. ടുവയെ പിടികൂടും വരെ ഒറ്റയ്ക്ക് സഞ്ചരിക്കരുത് എന്നാണ് നാട്ടുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പുല്‍പ്പള്ളി കബനി തീരത്തെ കോളവള്ളിയിലെ ഒരു കൃഷിയിടത്തില്‍ കടുവയെ കണ്ടെന്ന നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് റെയ്ഞ്ചർ ടി ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കടുവയെ തുരത്താനെത്തിയത്. നാട്ടുകാരുടെ കൂടി സഹകരണത്തോടെ തുരത്താന്‍ ശ്രമിക്കുന്നിനിടെയാണ് പതുങ്ങിയിരുന്ന കടുവ ശശികുമാറിനെ ആക്രമിച്ചത്. മറ്റു വനപാലകരും നാട്ടുകാരും ബഹളം വെച്ചതിനാല്‍ കടുവ ഓടി രക്ഷപെട്ടു.
തോളിനു പരിക്കേറ്റ ശശികുമാറിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരതരമല്ലെന്നാണ് ഡോക്ടര്‍മാർ നല്‍കുന്ന വിവരം. കര്‍ണാടകയില്‍ നിന്നും കബനി കടന്ന് കൊളവള്ളിയിലും പരിസരത്തുമെത്തിയതാണ് കടുവയെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam