
കല്‍പ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്‍റെ ഏറ്റവും വലിയ നൊമ്പര കാഴ്ചകളില്‍ ഒന്നാണ് വെള്ളാര്‍മല സ്കൂൾ. പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണ് വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലെ അധ്യാപകര്‍. 49 കുട്ടികളാണ് ഈ ദുരന്തത്തില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതെന്നാണ് കണക്കുകൾ. കാണാതായ കുട്ടികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.
എല്ലാ കുട്ടികളെയും സ്കൂളിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് അധ്യാപകര്‍ പറയുന്നു. ചിതറിപ്പോയ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി പഴയ പോലെ വെള്ളാര്‍മല സ്കൂളിനെ മാറ്റിയെടുക്കണമെന്ന് ഇവിടുത്തെ മലയാളം അധ്യാപകനായ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'എൻനാട് വയനാട്' ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മാഷ്.
എല്ലാവരെയും ചേര്‍ത്ത് പിടിക്കാൻ ഈ വിദ്യാലയത്തിന് മാത്രമേ കഴിയൂ. വെള്ളാര്‍മല സ്കൂൾ എന്ന പേര് മാഞ്ഞുപോകാൻ പാടില്ല. ഈ ജനതയെ തിരിച്ച് പിടിക്കാൻ വിദ്യാലയത്തിന് കഴിയും. ഞങ്ങളെല്ലാം ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ഈ സ്കൂൾ, എല്ലാവരെയും വിയര്‍പ്പ് അതിലുണ്ട് - വിതുമ്പലോടെ ഉണ്ണി മാഷ് പറഞ്ഞു. അവരെല്ലാം നമ്മുടെ സ്വന്തം മക്കളാണെന്നും വെള്ളാര്‍മല സ്കൂൾ എന്ന കുട്ടായ്മ വീണ്ടെടുക്കാനാണ് ശ്രമമെന്നും അധ്യാപകര്‍ പറയുന്നു. കുട്ടികളെയും രക്ഷിതാക്കളെയും നേരിട്ട് കണ്ട് എല്ലാ പിന്തുണയും നൽകി ഒന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങൾ അധ്യാപകര്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam