
വയനാട്: വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വയനാട് പുനരധിവാസ പദ്ധതിക്കായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാം. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരമായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് അറിയിച്ചു .
വയനാട് ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിയ്ക്ക് 26 കോടി രൂപയായിരുന്നു സർക്കാർ നഷ്ടപരിഹാരമായി നിശ്ചിയിച്ചത്. ഈ തുക ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ ഭൂമിക്കും അതിലെ കെട്ടിടങ്ങൾക്കും മരങ്ങൾക്കും തേയിലച്ചെടികൾക്കും 549 കോടി രൂപയുടെ മൂല്യമുണ്ടെന്നായിരുന്നു എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം. ഈ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സമീപകാലത്ത് പ്രദേശത്ത് നടന്ന പത്ത് ഭൂമി ഇടപാടുകളുടെ വില നോക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും ന്യായ വില കണക്കാക്കിയാൽ 17 കോടിയ്ക്കു കൂടി അർഹതയുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് നേരത്തെ കെട്ടിവെച്ച 26 കോടിയ്ക്ക് പുറമേ മറ്റൊരു 17 കോടി കൂടി നഷ്ടപരിഹാരമായി കെട്ടിവയ്ക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. ആദ്യം കെട്ടിവെച്ച 26 കോടി രൂപ എൽസ്റ്റൺ എസ്റ്റേറ്റിന് കൈപ്പറ്റാവുന്നതാണ്.
പുതുക്കി നിശ്ചയിച്ച അധിക 17 കോടി രൂപ വ്യവസ്ഥകൾക്ക് വിധേയമായി കൈപ്പറ്റാം. ഹർജിയിൽ വിശദമായ വാദം പിന്നീട് നടക്കും. എന്നാൽ ഇടക്കാല ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് അറിയിച്ചു. തങ്ങൾ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്‍റെ അടുത്തുപോലും ഇപ്പോൾ നിശ്ചയിച്ച തുകയില്ല. നേരത്തെ പ്രതീകാത്മകമായി ഭൂമി ഏറ്റെടുത്ത സർക്കാർ ടൗൺ ഷിപ്പിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam