
വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങൾ കൂടി എയർലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേനയുടെ സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വായുസേനയുടെ വിമാനത്തിലാണ് ഇവർ വരിക. നിലവിൽ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കൽ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി.
വയനാട്ടിലെ മുണ്ടക്കൈയിൽ പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണം 73 ആയി. 33 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 3 കുട്ടികൾ കുട്ടികളാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ മാത്രം 48 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
Also Read: വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 75 മരണം സ്ഥിരീകരിച്ചു
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ്
ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam